തൊടുപുഴ: അര്‍ബന്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് നേരത്തേ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള അന്വേഷണം പുനരാരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റോബിന് മൈലാടി 2023 ഒക്ടോബര്‍ ഒമ്പതിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി സംബന്ധിച്ച് ഇടുക്കി ജില്ലാ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി തെളിവുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു സംസ്ഥാന സഹകരണ വിജിലന്‍സ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണച്ചുമതല തൃശൂര്‍ സഹകരണവിജിലന്‍സ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ബാങ്കിന്റെ മുന്‍ ചെയര്മാന്, നിലവിലെ ചെയര്മാന്, ഭരണസമിതിയംഗങ്ങള്‍, മൂന്നു ജീവനക്കാര്‍, വായ്പയെടുത്ത ഭൂ ഉടമകള്‍ എന്നിവരടക്കം 35 പേര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ 2025 ജനുവരി 27നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സിലേക്ക് വീണ്ടും അന്വേഷണത്തിനായി അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഇതിനിടെ റോബിന് മൈലാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്കി. ഇതേത്തുടര്‍ന്നാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്. രണ്ടര വര്‍ഷത്തോളം അര്‍ബന്‍ബാങ്ക് അടച്ചിട്ട ശേഷം ബാങ്കിംഗ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.
ഈ ഘട്ടത്തില്‍ ബാങ്കിന്റെ പഴയ കുടിശിക 37 കോടിയായിരുന്നു. ഇതില്‍ രണ്ടു കോടി ബാങ്ക് എഴുതിത്തള്ളി. ശേഷിക്കുന്ന 35 കോടി ഈടാക്കാന്‍ കഴിയാത്ത കുടിശികയാണ്. ജീവനകാര്‍ക്കുള്ള ഒന്നരകോടിയുടെ കുടിശികയും നല്‍കിയിട്ടില്ല. വായ്പ അടച്ചുതീര്‍ത്ത അംഗങ്ങള്‍ ഇതിനായി അധികമായെടുത്ത ഓഹരിതുക തിരികെ നല്‍കാനും ബാങ്കിന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.